ഇടുക്കി: മൂന്നാറിലെ ആദ്യ കൊവിഡ് സ്ഥിരീകരണത്തിന് ഒരാണ്ട്. കൊവിഡ് സ്ഥിരീകരിച്ച് ഒരാണ്ട് പിന്നിടുമ്പോഴും മൂന്നാര്‍ പഴയനിലയിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ല. മറ്റിടങ്ങളൊക്കെ സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് മൂലം തൊഴിലാളികള്‍ക്കും മൂന്നാര്‍ നിവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 14നാണ് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് പൗരനിൽ കൊവിഡ് കണ്ടെത്തിയത്. മൂന്നാര്‍ കെടിഡിസി ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവെ ആരുമറിയാതെ മുങ്ങുകയും പിന്നീട് വിമാനത്താവളത്തില്‍ വച്ച് കണ്ടെത്തുകയും ചെയ്‌തതോടെ ഇയാളെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്‌തിരുന്നു. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാറില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
തമിഴ്‌നാട്ടിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി മടങ്ങിയെത്തിയാല്‍ എസ്റ്റേറ്റിനുള്ളില്‍ കടക്കാതെ പുറത്ത് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്റ്റേറ്റിനുള്ളില്‍ പ്രവേശനം അനുവദിക്കുന്നത്. അതേസമയം, സ്വദേശികളും അന്യസംസ്ഥാനക്കാരുമായി വിനോദസഞ്ചാരികള്‍ നിരവധി പേര്‍ മൂന്നാറിലെത്തുകയും ചെയ്യുന്നുണ്ട്. മൂന്നാറിലെ എസ്റ്റേറ്റ് ജീവനക്കാരുടെ മക്കളില്‍ ഏറിയ പങ്കും തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. തൊഴിലാളികളുടെ ബന്ധുക്കളും ഏറെ പേര്‍ തമിഴ്‌നാട്ടിലാണ്. ഈയൊരു സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പോയി മടങ്ങിയെത്തിയാല്‍ നിരീക്ഷണം ആവശ്യപ്പെടുന്നത് പ്രയാസങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നാണ് തൊഴിലാളികല്‍ പറയുന്നത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതും തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഉടുമലപ്പേട്ട, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ചെക്ക് പോസ്റ്റുകളിലെ കര്‍ശന നിയന്ത്രണങ്ങളും തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.