മൂന്നാര്‍: മൂന്നാറില്‍ റോഡിന്‍റ അറ്റകുറ്റപ്പണികള്‍ നടത്താത്തത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും റോഡുകളുടെ ശോചനീയവസ്ഥ വിലങ്ങുതടിയാവുകയാണ്. തുടര്‍ച്ചയായി രണ്ട് പ്രളയത്തെ അഭിമുഖീകരിച്ച മൂന്നാറിലെ റോഡുകള്‍ പലതും പൊട്ടി പൊളിഞ്ഞ നിലയിലാണ്. ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ റോഡുകളുടെ കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഹെഡ് വര്‍ക്കസ് അണക്കെട്ടു മുതല്‍ രാജമലവരെയുള്ള റോഡിലൂടെയുള്ള യാത്ര സഞ്ചാരികളുടെ നടുവൊടിക്കുകയാണെന്ന് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ പറയുന്നു. റോഡുകൾ പൊട്ടി പൊളിഞ്ഞതോടെ നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് കുഴികള്‍ നികത്തിയെങ്കിലും കനത്ത മഴയില്‍ അവയെല്ലാം ഒഴുകിപ്പോയി. പഴയ മൂന്നാറില്‍ കുഴിതെളിഞ്ഞ ഭാഗത്ത് നടക്കുന്ന തറയോട് പാകല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു.