ഇടുക്കി: മൂന്നാര്‍ മേഖലയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി പരാതി. പരാതിയെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ റവന്യൂ-പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. വില്‍പനക്ക് വെച്ചിരിക്കുന്ന മുഴുവന്‍ സാധനങ്ങളുടെയും വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് പരിശോധനാ സംഘം വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. അമിത വില തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണൻ അറിയിച്ചു.
തമിഴ്‌നാട്ടിലെ മധുര, ഉടുമല തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് മൂന്നാറിലെ പച്ചക്കറി വ്യാപാരികള്‍ പച്ചക്കറികള്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടിലെ മൊത്ത കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയിലെ ഭൂരിഭാഗം ഇടങ്ങളിലേക്കും പച്ചക്കറി എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് വിലക്കയറ്റമെന്ന ആക്ഷേപവുമുയരുന്നുണ്ട്.