ഇടുക്കി: മണ്ണിടിച്ചിലിന് ശേഷം തുറന്നു നല്‍കിയ മൂന്നാര്‍ തേനി ദേശിയ പാതയിലെ ഗ്യാപ് റോഡ് താല്‍ക്കാലികമായി അടച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് മഴകനക്കുന്നതോടെ ഉണ്ടാവാന്‍ സാധ്യതയുള്ള അപകട ഭീഷണി മുന്നില്‍ കണ്ടാണ് നടപടി. വിദഗ്‌ധ സംഘം പ്രദേശം പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമെ ഇനി തുടര്‍ നടപടി സ്വീകരിക്കാനാകുവെന്ന് ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ പറഞ്ഞു.
പാറയുടെ ഉള്‍ഭാഗത്ത് നിന്നും വലിയ ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് ദേശിയപാത വികസനത്തിന്‍റെ ഭാഗമായി നടന്നുവന്നിരുന്ന നിര്‍മ്മാണ ജോലികള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് പാത അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ പൊലിസിന്‍റെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണം നിര്‍ത്തിവച്ച് പാത അടക്കാന്‍ തിരുമാനിച്ചതെന്ന് ദേവികുളം സബ് കലക്‌ടർ വ്യക്തമാക്കി.
മഴക്കെടുതിയെ തുടര്‍ന്ന് രണ്ട് തവണ ഗ്യാപ് റോഡ് ഭാഗത്ത് വലിയ തോതില്‍ മലയിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടിരുന്നു. മലയിടിച്ചിലില്‍ അകപ്പെട്ട അയല്‍ സംസ്ഥാന തൊഴിലാളികളിലൊരാളുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇടിഞ്ഞെത്തിയ കല്ലും മണ്ണും നീക്കി ഗതാഗതം പുനസ്ഥാപിച്ച് ശേഷിക്കുന്ന നിര്‍മ്മാണ ജോലികള്‍ പുനരാരംഭിച്ചപ്പോഴാണ് വീണ്ടും താല്‍ക്കാലികമായി ഗതാഗതനിരോധനം ഏര്‍പ്പെടുത്തിയത്.