ഇടുക്കി: മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിമലിനെ കൊലപ്പെടുത്തിയ ആനയുടെ രണ്ടാം പാപ്പനും തൃശൂര്‍ സ്വദേശിയുമായ മണികണ്‌ഠനാണ് അറസ്റ്റിലായത്. ആന പാപ്പാന്‍ സ്ഥാനത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കവും വൈരാഗ്യവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഇന്നലെ രാവിലെയോടെയാണ് മൂന്നാറിന് സമീപമുള്ള ആനസവാരി കേന്ദ്രത്തില്‍ തൃശൂര്‍ സ്വദേശിയായ ഒന്നാം പാപ്പാന്‍ വിമല്‍ കുത്തേറ്റ് മരിച്ചത്. കഴുത്തിനായിരുന്നു വിമലിന് കുത്തേറ്റത്. സംഭവം നടന്ന ഉടനെ വിമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരു വര്‍ഷം മുന്‍പാണ് പാപ്പാനായി വിമല്‍ ആനസവാരി കേന്ദ്രത്തിലെത്തിയത്. മൂന്ന് മാസം മുന്‍പ് മണികണ്‌ഠനും എത്തി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കാനും മണികണ്‌ഠന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഏഴോളം കേസുകള്‍ ഉള്ളതായാണ് വിവരം. കസ്റ്റഡിയിലെടുത്ത മണികണ്‌ഠന്‍ കുറ്റം സമ്മതിച്ചതായും തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.