ഇടുക്കി: യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ് മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള കാലപ്പഴക്കം ചെന്ന പാലം. കൊച്ചി ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന മൂന്നാര്‍ ദേവികുളം റൂട്ടില്‍ മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ഈ പാലം വളരെ നാളുകളായി അപകടാവസ്ഥയിലാണ്. പറയത്തക്ക വിസ്താരമില്ലാത്ത ഈ പാലത്തിന്‍റെ കൈവരികള്‍ കാലപ്പഴക്കം മൂലം തകര്‍ന്ന് അപകടത്തെ ക്ഷണിച്ചു വരകുത്തുകയാണ്.
പാലത്തിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടവര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. വിനോദ സഞ്ചാരികൾ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിനാളുകളാണ് വാഹനങ്ങളുമായി ഈ പാലത്തിലൂടെ കടന്നു പോകുന്നത്. വഴി പരിചയമില്ലാതെയെത്തുന്ന രാത്രി യാത്രക്കാരെയാണ് ഈ പാലത്തിന്‍റെ ശോചനീയാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത്. പ്രശ്‌നത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടൻ ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രികരുടെയും പ്രദേശവാസികളുടെയും ആവശ്യം.