ഇടുക്കി: മൂന്നാറിന്‍റെ വിനോദ സഞ്ചാരത്തിന് കരുത്തേകി മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗാർഡന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവണ്‍മെന്‍റ് കോളജിനു സമീപത്തായാണ് പാര്‍ക്കിന്‍റെ നിർമാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അഞ്ചേക്കര്‍ ഭൂമിയിൽ 4.5 കോടി രൂപ ചിലവഴിച്ചാണ് ബോട്ടാണിക്കല്‍ ഗാര്ഡന്റെ ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിവിധ തരങ്ങളിലുള്ള പൂക്കള്‍, കോഫി ഷോപ്പ്, സുഗന്ധ വ്യഞ്‌ജന വ്യാപാരകേന്ദ്രം , വാച്ച് ടവര്‍, ഓപ്പണ്‍ തിയേറ്റര്‍ തുടങ്ങിയവ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട ജോലികൾ ഉടന്‍ ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്ഡന്റെ ഉദ്ഘാടനത്തിനു പുറമെ ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള ഉദ്യാന നവീകരണത്തിന്റെയും മുതിരപ്പുഴയാറിന്റെ തീരങ്ങൾ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 3.65 കോടി ചെലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.