ഇടുക്കി: യാത്രകളെ പ്രണയിക്കുന്നവർ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. കൊവിഡും ലോക്ക്ഡൗണും കാരണം മാസങ്ങളായി നിശ്ചലമായി കിടന്ന മൂന്നാർ സന്ദർശകർക്കായി തുറന്നു കൊടുത്തതോടെ വീണ്ടും സജീവമായി. മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേരാണ് മൂന്നാറിന്‍റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തിയത്. ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴിലുള്ള മാട്ടുപ്പെട്ടി എക്കോ പോയിന്‍റ്, കുണ്ടള തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം സന്ദർശകരെത്തി. ഹൈഡല്‍ ടൂറിസം സെന്‍ററുകള്‍ക്ക് പുറമേ ഇരവികുളം ദേശീയ ഉദ്യാനം അടക്കമുള്ള മേഖലകളിലും സന്ദർശകരെത്തുന്നുണ്ട്. ദീപാവലി ദിനത്തിലാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത്.
വളരെ നാളുകൾക്ക് ശേഷം സഞ്ചാരികളെത്തിയതിന്‍റെ സന്തോഷത്തിലാണ് ടൂറിസം മേഖലയിലെ ജീവനക്കാർ. ഒപ്പം ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം മൂന്നാറിന്‍റെ കുളിരിൽ മാനസികോല്ലാസം തേടിയെത്തിയ സഞ്ചാരികളും. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളം സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്.