ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം എടുത്തുതുടങ്ങിയതിന് പിന്നാലെ തമിഴ്‌നാട് വൈഗ അണക്കെട്ട് തുറന്നു. തുല്യമായ അളവിലുള്ള വെള്ളമാണ് കൃഷി ആവശ്യത്തിനായി വൈഗയിൽ നിന്ന് തുറന്നുവിട്ടിരിക്കുന്നത്. കാലവർഷം ആരംഭിയ്ക്കുന്നതിന് മുമ്പുതന്നെ അണക്കെട്ട് ജലസമൃദ്ധമായി. തേനി ജില്ലയിലെ കൃഷിക്കായി ഒന്നാം തിയ്യതി അണക്കെട്ടിൽനിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം സംഭരിക്കുന്ന പ്രധാന അണക്കെട്ടാണ് വൈഗ. 71 അടി സംഭരണശേഷിയുള്ള വൈഗയിലിപ്പോൾ 67.85 അടിവെള്ളമുണ്ട്.
Also read: ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി
ഇവിടെനിന്ന് സെക്കൻഡിൽ 900 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മധുര, ഡിണ്ടിഗൽ ജില്ലകളിലെ 45,041ഏക്കർസ്ഥലത്തെ നെൽക്യഷിക്കായാണ് വൈഗയിൽ നിന്ന് വെള്ളം തുറന്നുവിട്ടത്. കാലവർഷം ശക്തമായാൽ മുല്ലപ്പെരിയാർ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 പിന്നിട്ട് അധികജലം പെരിയാർ നദിയിലൂടെ ഇടുക്കിയിലെത്തും. അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് അനുസരിച്ച് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തമിഴ്നാടിന്‍റെ തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 130.5 അടിയാണ്. ഇടുക്കി അണക്കെട്ടിന്‍റെ നിലവിലെ സംഭരണശേഷിയും 40 ശതമാനത്തിൽ താഴെയാണ്.