ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് ഏകപക്ഷീയമായി രാത്രികാലത്ത് വെള്ളം തുറന്ന് വിടുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ പകല്‍ സമയത്ത് ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് നടപപടി സ്വീകരിച്ചു. രാത്രിയില്‍ വെള്ളം തുറന്ന് വിട്ട് ജനങ്ങള്‍ നേരിടുന്ന ദുരിതം സുപ്രീം കോടതിയെ അറിയിക്കുമെന്നും ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും കേരളം വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
തമിഴ്‌നാട് രാത്രി കാലത്ത് ശക്തമായ മഴ മുന്നില്‍ കണ്ട് പകല്‍ സമയത്ത് ജലനിരപ്പ് ക്രമീകരിക്കാനാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരവും തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും പുറത്തേയ്‌ക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു. എന്നാല്‍ രാവിലെ ശക്തമായ നീരൊഴുക്ക് ഉണ്ടായതോടെ രാവിലെ രണ്ട് ഘട്ടമായി ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.
തീരപ്രദേശങ്ങളായ മഞ്ചുമല ആറ്റോരം, വിഗാസ് നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ നേരിയ തോതില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഉയര്‍ത്തിയിരുന്ന ഒമ്പത് ഷട്ടറുകളില്‍ ആറെണ്ണവും തമിഴ്‌നാട് അടച്ചു. ഒപ്പം ജലനിരപ്പും താഴ്ന്നിട്ടുണ്ട്.
141.95 അടിയായിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.70 അടിയായി കുറഞ്ഞു. റൂള്‍ കര്‍വ്വ് 142 അടിയായതിന് ശേഷം ജലനിരപ്പ് ഇത്രയും താഴ്ത്തുന്നതും ആദ്യമായാണ്. ഷട്ടറുകള്‍ തുറന്നിരിക്കുന്നതിനൊപ്പം 1800 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ട് പോകുന്നുമുണ്ട്.
ജലനിരപ്പ് അല്‍പം കൂടി താഴ്ത്തി നിര്‍ത്തിയതിന് ശേഷം വൈകുന്നേരം ജലനിരപ്പ് ഉയര്‍ന്നാല്‍ പെരിയാര്‍ കരകവിയുന്ന തരത്തില്‍ വെള്ളം തുറന്ന് വിടുന്നതിനാണ് തമിഴ്‌നാടിന്‍റെ നീക്കം. എന്നാല്‍ തമിഴ്‌നാടിനെതിരെയുള്ള പ്രതിഷേധവും ഇടുക്കിയില്‍ ശക്തമാവുകയാണ്.
ALSO READ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു; ആളപായമില്ല