ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട്. പുതിയ ഡാം നിർമിക്കുന്നതിന് മുന്നോടിയായി കരാർ ഏജൻസി നൽകിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ മൂന്ന് വാല്യങ്ങളുള്ള കരട് റിപ്പോർട്ടാണ് സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്‍റെയും വിദഗ്‌ധർ ഉൾപ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചത്. മുല്ലപ്പെരിയാറിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഡാമിന്‍റെയും പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഡാമിന്‍റെയും വൃഷ്‌ടി പ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആൻഡ് കൺസൽറ്റൻസ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിന് കരട് റിപ്പോർട്ട് സമർപ്പിച്ചത്.
മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയേയും പുതിയ ഡാമിന്‍റെ നിർമാണം ഒരു തരത്തിലും നേരിട്ടോ അല്ലാതെയോ ബാധിക്കില്ലെന്നും ജൈവ വൈവിധ്യത്തിനു ദോഷകരമല്ലെന്നും കരട് റിപ്പോർട്ടിൽ പറയുന്നു. പുതിയ അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന 50 ഹെക്‌ടർ സ്ഥലത്തായിരുന്നു പഠനം. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിന് കൈമാറും.
പദ്ധതിയുമായി കേരളം മുന്നോട്ട്: ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിന്‍റെ പരിധിയിലാണ് ഈ പ്രദേശം. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് റിപ്പോർട്ടിന് കേരളം അംഗീകാരം നൽകിയതോടെ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്ന ജോലികളും കേരളം ആരംഭിച്ചു.
വഴി മുടക്കി തമിഴ്‌നാട്: പുതിയ അണക്കെട്ട് നിർമിക്കാനുള്ള സ്ഥലം 1979ൽ തന്നെ കണ്ടെത്തിയിരുന്നു. ഡിപിആറുമായി മുന്നോട്ടു പോകാൻ 2011 ലാണ് കേരളം തീരുമാനിച്ചത്. 600 കോടി രൂപയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. മണ്ണു പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം അണക്കെട്ടിന്‍റെ രൂപരേഖയും തയ്യാറാക്കി. എന്നാൽ തമിഴ്‌നാട് എതിർത്തതോടെ ഇത് പാതിവഴിയിലായി.
മാറി മറിഞ്ഞ് എസ്‌റ്റിമേറ്റ്: പുതിയ സാഹചര്യത്തിൽ ഡാമിന്‍റെ രൂപരേഖയിൽ മാറ്റം വരുത്തുന്നതിനായി ബന്ധപ്പെട്ട 40 ശതമാനം നടപടികളും ജലസേചന വകുപ്പ് പൂർത്തിയാക്കി. നിലവിലെ സാഹചര്യത്തിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് 1100-1500 കോടി രൂപയാകുമെന്നാണ് ജലസേചന വകുപ്പിന്‍റെ വിലയിരുത്തൽ. 2011ൽ ഡിപിആർ തയാറാക്കിയപ്പോൾ ഇത് 800 കോടി രൂപയായിരുന്നു. പുതിയ ഡിപിആർ തയാറാക്കാൻ മൂന്ന് മാസം വേണ്ടി വരും. തുടർന്ന് കേന്ദ്ര ജലകമ്മിഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും അനുമതിക്കായി സമർപ്പിക്കും.
വേണ്ടത് തമിഴ്‌നാടിന്‍റെ ഗ്രീൻ സിഗ്‌നൽ: തമിഴ്‌നാടും കേരളവും അഭിപ്രായ ഐക്യത്തിലെത്തിയാൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് പച്ചക്കൊടി കാട്ടിയാൽ അഞ്ച് മുതൽ പത്ത് വർഷത്തിനകം ഡാം നിർമിക്കാമെന്നാണ് കേരളം കരുതുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള - തമിഴ്‌നാട് ചീഫ് സെക്രട്ടറിമാർ ഇന്ന് ചെന്നൈയിൽ ചർച്ച നടത്തും. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചില പരാതികൾ ചർച്ച ചെയ്‌തു പരിഹരിക്കാൻ ചീഫ് സെക്രട്ടറിതല ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിർദേശിച്ചതിനെ തുടർന്നാണ് ചർച്ച.