ഇടുക്കി: മുക്കുടി കേന്ദ്രീകരിച്ച് ടൂറിസം വികസനമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന മുക്കുടിയിലെ അണകെട്ട് കേന്ദ്രീകരിച്ച് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊവിഡ് ഭീതിയകന്ന് സഞ്ചാരികള്‍ ഹൈറേഞ്ചിലേക്ക് എത്തി തുടങ്ങിയതോടെയാണ് മുക്കുടില്‍ ടൂറിസം വികസനമെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്.
കുത്തുങ്കല്‍ ഹൈഡ്രോ ഇലട്രിക്കല്‍ പ്രോജക്‌ടിന് വേണ്ടി പന്നിയാര്‍ പുഴയ്ക്ക് കുറുകേ നിര്‍മ്മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ ബോട്ടിംഗ് ആരംഭിച്ചാല്‍ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതോടൊപ്പം ചെക്ക് ഡാമിന് മുകള്‍ ഭാഗത്തായിട്ടുള്ള ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. മുക്കുടില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ അവികസിത മേഖലയായ മുക്കുടിയുടേയും സമീപ പ്രദേശങ്ങളായ പഴയവടുതി, കുത്തുങ്കല്‍ മേഖലകളുടേയും സമഗ്രമായ വികസനത്തിനും ഇത് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍.