ഇടുക്കി: കൊവിഡ് പ്രതിരോധം ശക്തമാകുന്നതിനായി ജില്ലയിൽ കൂടുതൽ ഡോമിസിലറി സെന്‍ററുകൾ ആരംഭിക്കും. ജില്ല ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് ഡോമിസിലറി സെന്‍ററുകൾ ഒരുക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഡോമിസിലറി സെന്‍ററുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.
രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വീടുകളിൽ മതിയായ ക്വാറന്‍റൈൻ സൗകര്യങ്ങൾ ഇല്ലാത്തവരുമായ കൊവിഡ് രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ് ഡോമിസിലറി സെന്‍റർ. ഇടുക്കിയിൽ മൂന്നോളം ഡോമിസിലറി സെന്‍ററുകൾ ഉടൻ ആരംഭിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ നീക്കം. ഒരിടത്ത് 600 കിടക്കകൾ സജ്ജീകരിക്കാനാണ് തീരുമാനം. രോഗം മൂർച്ഛിക്കുന്നവരെ സെന്‍ററുകളിലേക്ക് മാറ്റും. ഇതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായും ജില്ല കലക്‌ടർ അറിയിച്ചു.