ഇടുക്കി : കാലവർഷം ശക്തമായതോടെ ഇടുക്കിയിൽ കനത്ത മഴ ദുരിതം വിതയ്ക്കുന്നു. മണ്ണിടിച്ചിൽ, മരം കടപുഴകി വീഴൽ ഭീതിയിലാണ് ജില്ലയിലെ മലയോര മേഖലകള്‍. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമേട്ട് വരെയുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതരസംസ്ഥാന തൊഴിലാളികളുടെ വീട്ടിലേക്ക് മരം വീണ് അപകടം : രാജകുമാരി കുളപ്പാറച്ചാലിൽ ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളിലേക്ക് മരം കടപുഴകി വീണിരുന്നു. തേവർക്കാട്ട് ജോയിയുടെ ഉടമസ്ഥതയിലുള്ള വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുന്ന ശക്‌തമായ കാറ്റിലും മഴയിലുമാണ് വീടിനുസമീപത്ത് നിന്ന വലിയ മാവ് കടപുഴകി വീണത്.
മഴയെ തുടർന്ന് തോട്ടങ്ങളിൽ ജോലി നിർത്തി വച്ചിരുന്നതിനാൽ തൊഴിലാളികൾ എല്ലാം വീട്ടിൽ ഉള്ള സമയത്താണ് മരം കടപുഴകി വീണത്. അടുക്കളയുടെ മുകളിലേക്കാണ് മരം പതിച്ചത്. തൊഴിലാളികൾ വീടിന്‍റെ മുൻവശത്ത് ആയതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശവാസികളുടെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി : അടിമാലി ദേവിയാർ പുഴയിൽ ജൂലൈ മൂന്നിന് മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കളത്തിപ്പറമ്പില്‍ അഖിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കാലവർഷക്കെടുതിയില്‍ ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
ചെറായി പാലത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസും ഫയർ ഫോഴ്‌സും കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ നീരൊഴുക്കും തിരച്ചിലിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.