ഇടുക്കി: രാജാക്കാടിന്‍റെ ഉറക്കം കെടുത്തിയ ആള്‍ വനം വകുപ്പിന്‍റെ പിടിയില്‍. കുറച്ച് നാളുകളായി രാജാക്കാട് ടൗണിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും തലവേദനയായ കുട്ടികുരങ്ങിനെയാണ് വനം വകുപ്പ് കൂട്ടിലാക്കിയത്. രണ്ടാഴ്‌ച മുന്‍പാണ് രാജാക്കാട് ടൗണില്‍ കുട്ടികുരങ്ങന്‍ പ്രത്യക്ഷപ്പെട്ടത്.
വ്യാപാരികള്‍ക്കും ടൗണില്‍ എത്തുന്നവര്‍ക്കും ആദ്യമൊക്കെ കുട്ടികുരങ്ങന്‍ കൗതുകമായിരുന്നെങ്കിലും പിന്നീട് തലവേദനയായി. ടൗണിലെ സ്ഥാപനങ്ങളിലെ മേല്‍ക്കൂരയും ഫ്ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. കടയുടമയുടെ കണ്ണ് തെറ്റിയാല്‍ കടയിലിരിക്കുന്ന പലഹാരങ്ങളും തൂക്കിയിട്ടിരിക്കുന്ന പഴക്കുലയും അടിച്ചു മാറ്റും.
ബേക്കറിയില്‍ തൂക്കിയിടുന്ന 'ലെയ്‌സ്' ആണ് ഇഷ്‌ട ഭക്ഷണം. ഇതോടെ കച്ചവടക്കാര്‍ക്ക് ലെയ്‌സ് പാക്കറ്റുകള്‍ കടയ്‌ക്ക് മുന്നില്‍ തൂക്കിയിടാന്‍ കഴിയാതെയായി. സമീപത്തെ വീടുകളിലെ വസ്‌ത്രങ്ങള്‍ എടുത്തുകൊണ്ട് പോകുന്നത് മുതല്‍ കുട്ടികളെ ഉപദ്രവിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. കുട്ടികുരങ്ങിന്‍റെ വികൃതി കുറച്ചധികമായപ്പോള്‍ വ്യാപാരികള്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പൊന്‍മുടി ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച കെണിയില്‍ ഒടുവില്‍ കുട്ടികുരങ്ങന്‍ കുടുങ്ങി. പൊന്‍മുടി ബീറ്റ് ഫോറസ്റ്റര്‍ സി.കെ സുജിത്, ഗാര്‍ഡുമാരായ ബിനീഷ് ജോസ്, ജിന്‍റോമോന്‍ വര്‍ഗീസ് എന്നിവരാണ് കുരങ്ങിനെ പിടികൂടിയത്. തുടര്‍ന്ന് ദേവികുളം റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആര്‍ രഞ്‌ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കുരങ്ങിനെ കൈമാറി. ചിന്നാര്‍ വനത്തില്‍ കുരങ്ങിനെ തുറന്ന് വിടാനാണ് വനം വകുപ്പിന്‍റെ തീരുമാനം.