ഇടുക്കി: അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിന് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വന്നതിന്‍റെ ആഹ്ലാദത്തിലാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനങ്ങൾ. കോടതി വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ് സിങ്കുകണ്ടത്തെ സമരക്കാർ. മനുഷ്യന്‍റെ അവകാശം പരിഗണിച്ചു കൊണ്ടുള്ള വിധി എന്ന് എം എം മണി എംഎൽഎ പ്രതികരിച്ചു. എന്നാൽ ആഘോഷങ്ങൾ പാടില്ലെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എം എം മണി പറയുകയുണ്ടായി.
നാട്ടില്‍ ഏറെ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസ്നേഹികൾ നൽകിയ ഹർജി വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും ഒടുവിൽ അരിക്കൊമ്പനെ പ്രദേശത്ത് നിന്നും പിടിച്ചു മാറ്റുന്നതിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ആറ് ദിവസം നീണ്ടു നിന്ന രാപ്പകൽ സമരം വിജയത്തിലെത്തിയ സന്തോഷത്തിലാണ് ചിന്നക്കന്നാൽ, സിങ്കുകണ്ടത്തെ ആദിവാസികൾ അടക്കമുള്ള നൂറുകണക്കിന് ആളുകൾ. അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിൽ ഏറെ സന്തോഷം ഉണ്ടെങ്കിലും അക്രമകാരികളായ മറ്റു കാട്ടാനകളെ കൂടി പിടിച്ചു മാറ്റണമെന്ന് ആവശ്യവും ഇവർ മുന്നോട്ടു വയ്ക്കുന്നുണ്ട്. അരികൊമ്പനെ പിടിച്ചു മാറ്റുന്നതിനുള്ള തീരുമാനം കോടതിയിൽ നിന്ന് എത്തിയതോടെ ആറ് ദിവസമായി നീണ്ടു നിന്നിരുന്ന രാപ്പകൽ സമരവും നാട്ടുകാർ അവസാനിപ്പിച്ചു.
കോടതിയുടെ പൂട്ട് വീണ മിഷന്‍ അരിക്കൊമ്പന്‍: മാര്‍ച്ച് 25ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ പ്രദേശത്ത് നിന്ന് മാറ്റാനുള്ള നടപടികളിലായിരുന്നു വനംവകുപ്പ്. അതിനായി വയനാട്ടില്‍ നിന്നുവരെ കുങ്കിയാനകളെ എത്തിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ 25 ന് ദൗത്യം പിന്നീട് 26 ലേക്ക് മാറ്റി. 26 ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 27നും തുടരാനായിരുന്നു വനംവകുപ്പ് നീക്കം.
എന്നാല്‍ ഇതിനിടെയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്നീ സംഘടനകള്‍ അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മാര്‍ച്ച് 29 വരെ മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്‌തു.
കോടതി വിധിക്ക് പിന്നാലെ കത്തിക്കയറിയ പ്രതിഷേധാഗ്നി: കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടുക്കി നിവാസികള്‍ക്ക് തിരിച്ചടിയായിരുന്നു പിന്നീട് വന്ന കോടതി വിധി. അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കം ഹൈക്കോടതി തടയുകയാണ് ഉണ്ടായത്. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടുക്കി സാക്ഷ്യം വഹിച്ചു.
മാര്‍ച്ച് 30ന് ഇടുക്കിയിലെ ചില പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ജനവാസ മേഖലയില്‍ ഭീതി വിതച്ച് സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള നടപടി തടഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു ജനങ്ങള്‍ പറഞ്ഞത്. റോഡുകള്‍ ഉപരോധിച്ചും പ്രതിഷേധം നടന്നിരുന്നു. പിന്നാലെ രാപ്പകല്‍ സമരവും ആരംഭിച്ചു.
വനംവകുപ്പിന്‍റെ അറിവോടെയാണ് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയത് എന്നും മേഖലയില്‍ ആന പാര്‍ക്ക് നിര്‍മിക്കാനുള്ള ഗൂഢമായ നീക്കമാണ് നടക്കുന്നത് എന്നും ആയിരുന്നു ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍. വനം വകുപ്പിന് പുറമെ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നടപടി നിരാശാജനകമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.