ഇടുക്കി: സംസ്ഥാനത്ത് കെ.എസ്.ഇ ബി യുടെ പ്രവർത്തനം വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. വിപുലവും കുറ്റമറ്റതുമായ പ്രവർത്തനമാണ് കെഎസ്ഇബിയും സംസ്ഥാന സർക്കാരും നടത്തി വരുന്നത് എന്നും മന്ത്രി പറഞ്ഞു . രാജകുമാരി സെക്‌ഷൻ ഓഫിസ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗരോർജ്ജത്തില്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ലക്ഷ്യമെന്നും 1000 മെഗാവാട്ട് ലക്ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
രാജകുമാരി ഗ്രാമപഞ്ചായത്ത് ദൈവമാതാ പള്ളിക്ക് സമീപം നൽകിയ പത്ത് സെന്‍റ് സ്ഥലത്താണ് 72 ലക്ഷം രൂപാ മുതൽ മുടക്കിൽ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് മന്ദിരം പണിയുന്നത്. നിലവിൽ രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്കാണ് സെക്‌ഷൻ ഓഫിസ് പ്രവർത്തിച്ച് വരുന്നത്. പുതിയ കെട്ടിടത്തിന്‍റെ പണി പൂർത്തികരിക്കുന്നതോടെ സ്വന്തമായി ഒരു ഓഫിസ് കെട്ടിടമെന്ന കെഎസ്ഇബിയുടെ ചിരകാല അഭിലാക്ഷം പൂവണിയും.
രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടിസി ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.റ്റി കുഞ്ഞ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജേഷ് മുകളേൽ,പഞ്ചായത്ത് മെമ്പർമാർ,കെ.എസ് ഇ ബി ഉദ്യോഹസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.