ഇടുക്കി: മിഷന്‍ അരിക്കൊമ്പന്‍റെ ഭാഗമായുള്ള പ്രത്യേക ദൗത്യ സേനയുടെ രൂപീകരണം ഇന്ന്. രാവിലെ പത്ത് മണിക്ക് ദേവികുളം വനം വകുപ്പ് നഴ്‌സറിയിലാണ് യോഗം. കോടതി വിധി അനുകൂലമായാല്‍ മാര്‍ച്ച് 30ന് തന്നെ ദൗത്യം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്.
71 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞ് മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സേന നിലവില്‍ ഇടുക്കിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കോന്നി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നാല് കുങ്കിയാനകളെയും മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ചിന്നക്കനാലില്‍ നേരത്തെ തന്നെ എത്തിച്ചിരുന്നു.
അരിക്കൊമ്പന്‍ ദൗത്യത്തിന് എതിരെയുള്ള കേസ് നാളെയാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ നാളെ തന്നെ മോക്ക ഡ്രില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനവാസ മേഖലകളില്‍ ഉള്‍പ്പടെ അരിക്കൊമ്പന്‍ വരുത്തിവെച്ചിട്ടുള്ള നാശനഷ്‌ടങ്ങള്‍ നാളെ വനം വകുപ്പ് കോടതിയെ അറിയിക്കാനാണ് സാധ്യത.
അതേസമയം, മേഖലയില്‍ പ്രതിഷേധങ്ങളും നിലവില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂപ്പാറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരി തെളിച്ച് പ്രതിഷേധം നടത്തിയിരുന്നു. ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങൾ തുടരാനാണ് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനം. വിധി പ്രതികൂലമായാൽ ഹർത്താൽ അടക്കമുള്ള സമരം പരിപാടികളിലേക്ക് ഇവര്‍ നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
എല്ലാം റെഡി: അരിക്കൊമ്പന്‍ ദൗത്യത്തിന് വേണ്ട എല്ല ഒരുക്കങ്ങളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. അനുകൂലമായ കോടതി ഉത്തരവ് ലഭിച്ചാല്‍ എത്രയും വേഗത്തില്‍ തന്നെ ദൗത്യത്തിലേക്ക് കടക്കാമെന്ന് ഡോ. അരുണ്‍ സക്കറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടുക്കിയില്‍ ക്യാമ്പ് ചെയ്യുന്ന സംഘം അരിക്കൊമ്പനെ ട്രാക്ക് ചെയ്‌ത് കഴിഞ്ഞു. കുങ്കിയാനകള്‍ക്ക് ഈ മേഖല പരിചിതമായിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാല്‍ മയക്കുവെടി വെയ്‌ക്കുമെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി.
ദൗത്യത്തിന് എത്തിച്ച കുങ്കിയാനകള്‍ നില്‍ക്കുന്ന സിമന്‍റ് പാലത്തേക്ക് സഞ്ചാരികളുടെയും സന്ദർശകരുടെയും വരവ് വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലേക്കുള്ള വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിന്നക്കനാൽ വിലക്കിലും ബി എൽ റാമിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലാസ് നടപടി. പ്രദേശവാസികൾക്ക് ഇതുവഴി വാഹനങ്ങളുമായി കടന്നു പോകുന്നതിന് തടസമില്ല.
മതികെട്ടാന്‍ ചോലയുടെ രാജാവിനെ പൂട്ടാന്‍ പുതിയ പ്ലാന്‍: 2017ല്‍ ആയിരുന്നു അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം അവസാനമായി വനം വകുപ്പ് നടത്തിയത്. നൂറോളം പേര്‍ വരുന്ന സംഘം പത്ത് ദിവസം ആനയെ നിരീക്ഷിച്ച ശേഷമായിരുന്നു ദൗത്യത്തിലേക്ക് കടന്നത്. ആനയെ പിന്തുടര്‍ന്ന് വെടിവെക്കാനായിരുന്നു അന്ന് ശ്രമം.
എന്നാല്‍ ആ ശ്രമം അന്ന് വിജയം കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ അരിക്കൊമ്പനെ പൂട്ടാന്‍ പുതിയ പ്ലാനാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബലഹീനതകള്‍ മനസിലാക്കി ആനയെ സിമന്‍റ് പാലത്തേയ്ക്ക് ആകര്‍ഷിച്ച് പിടികൂടാനാണ് പദ്ധതി.
Also Read: അഞ്ച് മയക്കുവെടികളെ അതിജീവിച്ചു; കുങ്കിയാനകള്‍ക്കും പിടികൊടുക്കാതെ അന്ന് കാടുകയറിയ അരിക്കൊമ്പന്‍