ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ. അരിക്കൊമ്പനെ കണ്ടെത്തുവാൻ ഇനിയും സാധിക്കാത്ത സാഹചര്യത്തിലാണ് ദൗത്യം നീളുന്നത്. കൊമ്പനെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ദൗത്യം ഇന്ന് ഇനി വേണ്ടെന്നും, ദൗത്യ സംഘത്തോട് സ്ഥലത്ത് നിന്നും മടങ്ങുവാനും ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയാതായാണ് വിവരം.
അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇനി നാളെ തുടരുവാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ന് (28.04.23) രാവിലെ നാലുമണിക്കാണ് ദൗത്യം ആരംഭിച്ചത്. പ്രദേശത്ത് എത്തിയ സംഘം ഒരാനയെ കണ്ടെത്തുകയും അത് അരിക്കൊമ്പൻ എന്ന് കരുതി വെടിവെയ്‌ക്കാൻ നീക്കം നടത്തുകയും ചെയ്‌തു.
എന്നാൽ അത് ചക്കക്കൊമ്പൻ ആണെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥർ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ വനം വകുപ്പ് പിന്നീട് തന്ത്രം മാറ്റി. ആനക്കൂട്ടത്തിനൊപ്പം അരികൊമ്പൻ ഉണ്ടാകുമെന്നായിരുന്നു വനം വകുപ്പിന്‍റെ പ്രതീക്ഷ. എന്നാൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലും അരികൊമ്പനെ കണ്ടെത്തുവാൻ വനം വകുപ്പിന് സാധിച്ചില്ല.
തുടർന്ന് പെരിയകനാൽ, ആനയിറങ്കൽ, മുള്ളംതണ്ട്, ശങ്കരപാണ്ട്യൻമെട്ട് തുടങ്ങിയ മേഖലകളിലും വനം വകുപ്പ് പരിശോധന നടത്തി. കുങ്കിയാനകളെയും ദൗത്യത്തിനായി പ്രദേശത്ത് എത്തിച്ചിരുന്നു. മയക്കുവെടി വയ്ക്കുന്നതിന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം സ്ഥലത്തെത്തിയിരുന്നു. 50 മീറ്റര്‍ റേഞ്ച് പരിധിയില്‍ ആന എത്തിയാൽ മാത്രമേ മയക്കു വെടി വെക്കുവാൻ സാധിക്കുകയുള്ളു. ദൗത്യം പരിഗണിച്ച് ചിന്നക്കനാല്‍ ഭാഗത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂട്ടിലടയ്‌ക്കേണ്ടെന്ന് ഹൈക്കോടതി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍, രാജക്കാട്, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ ആക്രമണം പതിവാക്കിയ അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി കുങ്കിയാന ആക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ആനയെ പിടികൂടി കൂട്ടിലടയ്‌ക്കേണ്ടതില്ല എന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
തുടർന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനായി കഴിഞ്ഞ മാസം ഹൈക്കോടതി വിദഗ്‌ധ സമിതിയെ രൂപീകരിച്ചിരുന്നു. ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടി ഉള്‍വനത്തിലേക്ക് കയറ്റി വിടുകയോ കൂട്ടില്‍ അടയ്ക്കുകയോ ചെയ്യുന്നതിന് പകരം വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു വിദഗ്‌ധ സമിതിയുടെ രൂപീകരണം.
തുടർന്ന് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്ന്. ഇതിന് പിന്നാലെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം സർക്കാർ ആരംഭിച്ചത്. അതേസമയം റോഡിയോ കോളർ ഘടിപ്പിച്ച് ആനയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം വനം വകുപ്പ് പുറത്ത് വിട്ടിട്ടില്ല.
അരിക്കൊതിയൻ അരിക്കൊമ്പൻ: ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ ജനവാസ മേഖലകളിൽ വിഹരിക്കുന്ന കാട്ടുകൊമ്പനാണ് അരിക്കൊമ്പൻ. റേഷൻ കടകളിൽ നിന്നും വീടുകളിൽ നിന്നും അരി കട്ട് തിന്നുന്നതിനാലാണ് ആനയ്‌ക്ക് അരിക്കൊമ്പൻ എന്ന പേര് ലഭിച്ചത്. ചിന്നക്കനാല്‍ 301 കോളനിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയപ്പോള്‍ ആളുകളില്ലാത്ത ഷെഡില്‍ നിന്നും അരിയും പഞ്ചസാരയും മോഷ്‌ടിച്ചാണ് തുടക്കം.
പിന്നീട് ആള്‍ താമസമുള്ള വീടുകളും റേഷന്‍ കടകളും തകര്‍ത്ത് അരി അകത്താക്കി തുടങ്ങി. ഏറ്റവും അധികം ആക്രമണം നേരിട്ടുള്ളത് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ്. കഴിഞ്ഞ മൂന്ന് മാസത്തിലിടെ 15ൽ അധികം വീടുകളാണ് അരിക്കൊമ്പൻ തകർത്തത്.