ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ നാശംവിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാൻ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ദൗത്യം വിജയത്തിലേക്ക്. ഇന്ന് രാവിലെ തുടങ്ങിയ ദൗത്യത്തില്‍ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വച്ചെങ്കിലും നാല് മണിക്കൂറിന് ശേഷമാണ് അരിക്കൊമ്പനെ അനിമല്‍ ആംബുലൻസില്‍ കയറ്റാൻ കഴിഞ്ഞത്. രാവിലെ 11.55ന് മയക്കുവെടിവച്ച ശേഷം ഒരു മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് അരിക്കൊമ്പനെ വാഹനത്തില്‍ കയറ്റാനുള്ള ദൗത്യം ആരംഭിച്ചത്.
മയക്കുവെടിയേറ്റിട്ടും ഇടയ്ക്ക് ഓടാൻ ശ്രമം നടത്തിയ അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നല്‍കിയ ശേഷമാണ് ദൗത്യത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. കാലുകളില്‍ വടം കെട്ടാനുള്ള ശ്രമത്തെയും ആദ്യം അരിക്കൊമ്പൻ എതിർത്തിരുന്നു. പിന്നീട് നാല് കുങ്കിയാനകളും ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥരും അരിക്കൊമ്പന് അടുത്തെത്തിയാണ് വടംകെട്ടി നിയന്ത്രിച്ചുനിർത്തിയത്. അതിനുശേഷം ജെസിബി ഉപയോഗിച്ച് അരിക്കൊമ്പന് അടുത്തേക്ക് വനത്തിലൂടെ വഴിയുണ്ടാക്കി അനിമല്‍ ആംബുലൻസ് എത്തിച്ച് അതില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം കാട്ടാന അതിനെ ചെറുത്തുനിന്നു.
നാല് കുങ്കിയാനകളോടും ഒരേ സമയം ചെറുത്തുനിന്ന അരിക്കൊമ്പൻ ഇടയ്ക്ക് ഓടി മാറാനും ശ്രമം നടത്തി. അതിനിടെയെത്തിയ കനത്ത മൂടല്‍ മഞ്ഞും മഴയും ദൗത്യം ദുഷ്‌കരമാക്കി. ലോറിയില്‍ കയറാതെ നിന്ന അരിക്കൊമ്പനെ തള്ളിക്കയറ്റാനാണ് കുങ്കിയാനകൾ ശ്രമിച്ചത്. ഒടുവില്‍ നാല് മണിക്കൂറിന് ശേഷം കനത്ത മഴയേയും അരിക്കൊമ്പന്‍റെ ചെറുത്തുനില്‍പ്പിനേയും അതിജീവിച്ച് കാട്ടാനയെ അനിമല്‍ ആംബുലൻസില്‍ കയറ്റുകയായിരുന്നു.