ഇടുക്കി : അരിക്കൊമ്പൻ മിഷന് പൂർണ സജ്ജമായി വനംവകുപ്പ്. കാലാവസ്ഥ അനുകൂലമായതുകൊണ്ട് തന്നെ ഇന്ന് രാവിലെയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചേക്കുമെന്നാണ് വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. നേരത്തെ ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്ന് ദൗത്യ സംഘം അറിയിച്ചു.
ജനങ്ങൾ പൂർണമായും ദൗത്യത്തോട് സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മയക്കുവെടി വച്ചതിന് ശേഷം ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റിയതിന് ശേഷമാണ് മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ സഹായം വേണ്ടിവരുന്നത്. ആനയുമായി പോകുന്ന വഴിയിൽ മറ്റ് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ സസ്‌പെൻസ് തുടരുകയാണ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിലേക്ക് അല്ല. മറിച്ച് ഉൾക്കാട്ടിലേക്കാണ്.
സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡിഎഫ്ഒ എൻ രാജേഷ് വ്യക്തമാക്കി. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ദൗത്യസംഘത്തെ എട്ട് സംഘങ്ങളായി തിരിക്കും. ഇതിൽ ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടി വയ്ക്കാനാണ് നിയോഗിക്കുക. ഒരോ സംഘത്തിനും പ്രത്യേകം ഡ്യൂട്ടികൾ നൽകിയിട്ടുണ്ട്.
നിലവിൽ അരിക്കൊമ്പൻ വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. വനം വകുപ്പിന് മാത്രം എട്ട് സംഘം ആണ് ഉള്ളത്. ഇത് കൂടാതെ, വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിൽ ഉള്ളത്.
ഹൈറേഞ്ച് സർക്കിൾ സിസി എഫ്ആർഎസ് അരുൺ, രമേഷ് ബിഷ്ണോയ് മൂന്നാർ ഡിഎഫ്ഒ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്‌പെഷ്യൽ ടീം നയിക്കുന്നത് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോക്‌ടർ അരുൺ സക്കറിയ ആണ്. നാല് ഡോക്‌ടർമാരാണ് ഈ സംഘത്തിൽ ഉള്ളത്.
പിടികൊടുക്കാതെ അരിക്കൊമ്പൻ: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ, രാജക്കാട്, പന്നിയാർ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ എത്തി ആക്രമണം പതിവാക്കിയ കാട്ടുകൊമ്പനാണ് അരിക്കൊമ്പൻ. ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടി ഉൾവനത്തിലേക്ക് കയറ്റി വിടുകയോ കൂട്ടിൽ അടക്കുകയോ ചെയ്യുന്നതിന് പകരം വിഷയത്തിൽ ശാശ്വത പിരഹാരം കാണണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടാൻ കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി വിദഗ്‌ധ സമിതിയെ രൂപീകരിച്ചിരുന്നു. വിഷയത്തിൽ വിശദമായ പഠനം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
Also Read : ഹൈക്കോടതി ഉത്തരവിന് ശേഷം അരിക്കൊമ്പൻ തകർത്ത 18-ാമത്തെ വീട്, വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്