ഇടുക്കി: താത്കാലിക ഷെഡില്‍ ദുരിത ജീവിത ജീവിതം നയിക്കുകയാണ് കാന്‍സര്‍ ബാധിതയായ വിളയില്‍ ബീന. കഴിഞ്ഞ രണ്ട് മാസത്തിലധികമായി പൂര്‍ണ്ണമായും കിടപ്പിലാണിവര്‍. സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപെട്ടു.
ഭര്‍ത്താവിനൊപ്പം താത്കാലിക ഷെഡിലാണ് താമസിക്കുന്ന ഇവരുടെ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. ബന്ധു വിട്ടുകൊടുത്ത മൂന്നര സെന്‍റ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ളത്. നിലവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ പ്രാഥമിക നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
രാജുവിന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നിര്‍മാണം നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ പരമാവധി ജോലികള്‍, സ്വയം ചെയ്യാനാണ് ശ്രമം. മലയോര മേഖലകളില്‍ മഴ കൂടി വര്‍ധിച്ചതോടെ ദുരിതം ഇരട്ടിയായി.
ആശുപത്രിയില്‍ പോകാന്‍ പോലും പണമില്ല
ബന്ധുക്കളുടേയും അയല്‍വാസികളുടേയും സഹായത്തോടെയാണ് നിലവില്‍ ജീവിതം മുന്‍പോട്ട് പോകുന്നതെന്ന് ബീനയുടെ ഭര്‍ത്താവ് രാജു പറഞ്ഞു. തുടര്‍ച്ചയായ ചികിത്സകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വാഹനം വിളിച്ച് പോകാന്‍ പോലും ഇവരുടെ പക്കല്‍ പണമില്ല.
വിവിധ രോഗങ്ങള്‍ മൂലം ബീന രണ്ട് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. രണ്ട് പെണ്‍മക്കള്‍ ഉണ്ടെങ്കിലും വിവാഹിതരായ ഇവര്‍ മാതാപിതാക്കള്‍ക്ക് ഒപ്പമല്ല കഴിയുന്നത്. താത്കാലികമായി മറ്റൊരു കിടപ്പാടം എങ്കിലും ഒരുക്കി നല്‍കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
Also Read: ഇടുക്കിയിലെ ചിലയിടങ്ങളില്‍ ലൈഫ് മിഷൻ പദ്ധതി അനിശ്ചിതത്വത്തിൽ