ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ എൺപതേക്കർ ഭാഗത്ത് വള്ളം മറിഞ്ഞ് മധ്യവയസ്ക്കൻ മരിച്ചു. കുളപ്പാറച്ചാൽ സ്വദേശി ഈട്ടിയ്ക്കൽ സാബു (55) ആണ് മരിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്.
കർഷകനായ സാബു ആനയിറങ്കലിൽ ഫൈബർ ബോട്ടിൽ പോകുന്നതിനിടെ എൺപതേക്കർ ഭാഗത്ത് വച്ച് വള്ളം മറിഞ്ഞ് കാണാതാവുകയായിരുന്നു. വള്ളം മറിഞ്ഞ് കിടക്കുന്നത് ജലാശയത്തിൽ മീൻ പിടിക്കുവാൻ എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കാറ്റടിച്ച് ബോട്ട് മറിഞ്ഞതാകാമെന്ന നിഗമനത്തിൽ ഇവർ മറ്റുള്ളവരെ വിവരം അറിയിച്ചു. ശാന്തൻപാറ എസ് ഐ കെ പി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസും, നെടുങ്കണ്ടത്ത് നിന്നും ഫയർ ആന്‍റ് റെസ്ക്യൂ സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.