ഇടുക്കി: മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്നത് അത്ര വലിയൊരു ജോലിയാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം ഇത് മൈക്ക് വിജയനാണ്. 1960കളില്‍ നെടുങ്കണ്ടത്തേക്ക് കുടിയേറുമ്പോൾ വിജയന് ഇതൊരു ഉപജീവനമാർഗം മാത്രമായിരുന്നു. ബാറ്ററിയും കോളാമ്പിയും സൈക്കിളില്‍ കെട്ടിവെച്ച് തുടങ്ങിയതാണ് വിജയന്‍റെ സംഗീത സൗണ്ട്സ്.
ശേഷം ആയിരക്കണക്കിന് വേദികളില്‍ നെടുങ്കണ്ടം പുത്തന്‍വീട്ടില്‍ വിജയകുമാറെന്ന മൈക്ക് വിജയന്‍റെ മൈക്കുകൾ ശബ്‌ദിച്ചു. ഓരോ വേദിയിലും വിജയന്‍റെ മൈക്കിന് മുന്നില്‍ നിന്നവരെയെല്ലാം ചിത്രങ്ങളായി സൂക്ഷിക്കുമ്പോൾ ഒരിക്കലും വിജയൻ ചിന്തിച്ചിരുന്നില്ല, ഈ വാർധക്യകാലത്തെ സുന്ദരമായ ഓർമകളാകും അതെല്ലാമെന്ന്.... അതെ.... കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് മുതല്‍ ഏറ്റവും ഒടുവില്‍ മൈക്ക് കൈമാറിയ മലയാളത്തിന്‍റെ സ്വന്തം കലാഭവൻ മണി വരെയുള്ളവർക്കൊപ്പമുള്ള ചിത്രങ്ങൾ വിജയൻ സൂക്ഷിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു നാടിന്‍റെ മുഴുവൻ ശബ്‌ദമായിരുന്ന വിജയൻ, ഈ വിശ്രമകാലത്ത് ഒരായിരം ഓർമകൾ കൂടിയാണ് പങ്കുവെക്കുന്നത്.