ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാല് യുവാക്കൾ കട്ടപ്പനയിൽ പിടിയില്‍. സഹോദരങ്ങളായ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ, ആൽബിൽ, മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനി മോൻ, ചെങ്കര തുരുത്തിൽ റോഷൻ എന്നിവരാണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരിയെ സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.
വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. നാല് മാസത്തിനിടയിൽ പല തവണ പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.
പ്രതികള്‍ റിമാന്‍ഡില്‍: റെനി മോനാണ് ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തത്. പിന്നീട്, സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ, ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പനയിൽ നിന്നും വാഹനത്തിൽ കയറ്റി ജോലി ചെയ്തിരുന്ന നെടുങ്കണ്ടത്തെ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്.
റെനി മോനെ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നും മറ്റുള്ളവരെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.