ഇടുക്കി: കേരള- തമിഴ്നാട് അതിർത്തിയിലെ ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവം സമാപിച്ചു. കേരളവും തമിഴ്നാടും സംയുക്തമായി സംഘടിപ്പിച്ച ഉത്സവത്തിന് പതിനായിരത്തിലധികം ഭക്തരാണ് എത്തിച്ചേർന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വർഷത്തിലൊരിക്കലാണ് പ്രവേശനമുള്ളത്.
ഇടുക്കി, തേനി ജില്ലാഭരണകൂടത്തിന് നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള - തമിഴ്നാട് പൊലീസ്, റവന്യൂ, വനം വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ഉത്സവത്തിന് നേതൃത്വം നൽകിയത്. കുമളിയിൽ നിന്നും വനത്തിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഉത്സവത്തിന് ഭക്തജനങ്ങൾക്കായുള്ള വാഹന സൗകര്യങ്ങളും അധികൃതർ ക്രമീകരിച്ചിരുന്നു. ക്ഷേത്രം വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്നതിനാൽ വന്യജീവിയുടെ സൈര്യ വിഹാരത്തിന് തടസം ഉണ്ടാകാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും, ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.