ഇടുക്കി: ലോക്ക് ഡൗണിൻ്റെ മറവില്‍ കെണിയൊരുക്കി കേഴമാനിനെ പിടികൂടിയ 7 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 10 കിലോ കേഴമാനിൻ്റെ മാംസം ഇവരുടെ പക്കല്‍ നിന്നും വനപാലക സംഘം കണ്ടെടുത്തു. കാട്ടില്‍ കെണിയൊരുക്കിയാണ് ഇവര്‍ കേഴമാനിനെ വേട്ടയാടിയതെന്ന് വനപാലകര്‍ പറഞ്ഞു.
ചൊക്കനാട് വട്ടക്കാട് ഡിവിഷനിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവര്‍ നായാട്ട് നടത്തിയിരുന്നത്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് വിജയകുമാര്‍, നാഗരാജ്, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് കെണി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ കെണിയില്‍ അകപ്പെട്ട കേഴമാനിനെ ഇവർ വെട്ടി ഇറച്ചിയാക്കി. ദേവികുളം റേഞ്ച് ഓഫീസര്‍ വിഎസ് സിനിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ലോക്ക് ഡൗണിൻ്റെ മറവില്‍ സംഘങ്ങള്‍ മൂന്നാറിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് മൃഗങ്ങളെ പിടികൂടുവാന്‍ ശ്രമം നടത്തുന്നതായി സൂചനയുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ ആര്‍ആര്‍ടിയുടെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കി. ഫോറസ്റ്റര്‍ അബൂബക്കര്‍ സിദ്ദിഖ്, ബിഎഫ്ഒ അനീഷ്, ജോസഫ്, ടോം ജോസ്, പിഎസ് സുരേഷ്, ആര്‍ആര്‍ടീമിലെ ശ്രീകുമാര്‍, അന്‍പുമണി, രാജ്കുമാര്‍, ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.