ഇടുക്കി : മൂലമറ്റത്തുണ്ടായ വെടിവയ്‌പ്പിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ സാബു ആണ് മരിച്ചത്. സുഹൃത്തായ മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ (26.03.2022) രാത്രി പത്തുമണിയോടെ മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം അശോക് ജങ്‌ഷനിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവയ്‌പ്പിൽ കലാശിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്‌കൂട്ടറിലെത്തിയ പ്രതി കടയിൽ ഭക്ഷണം തീർന്നുപോയതിന്‍റെ പേരിൽ ബഹളമുണ്ടാക്കി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ അതിനുശേഷം വീണ്ടും കാറിലെത്തിയ പ്രതി വാഹനത്തിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് തട്ടുകടയിലുണ്ടായിരുന്നവര്‍ക്കെതിരെ ചൂണ്ടുകയും വെടിവയ്‌ക്കുകയുമായിരുന്നു.
ALSO READ:മരണവീട്ടിൽ പൊലീസിന്‍റെ അതിക്രമം; വികലാംഗയ്ക്കും മകൾക്കും മർദനം, സഹോദരനെ കസ്റ്റഡിയിലെടുത്തു
എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുവെങ്കിലും വീണ്ടും വെടിയുതിർത്തതിനെ തുടർന്ന് പിടികൂടാനായില്ല. ഇതിനിടെ സ്‌കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേറ്റു. കൂടാതെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും വെടിയേറ്റു.
രണ്ടുപേരുടെയും തലയ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും ജോലി കഴിഞ്ഞ് തൊടുപുഴയിലേക്ക് പോകുകയായിരുന്നു. സനൽ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് നിലവിൽ വെന്‍റിലേറ്ററിലാണ്.