ഇടുക്കി: ഇടുക്കി കൂട്ടാർ സ്വദേശി വിഷ്‌ണു ഷാർജയിൽ വെച്ച് കൊല്ലപ്പെട്ടിട്ട് 12 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിക്കുവാനായില്ല. കുടുംബത്തിന്‍റെ അത്താണിയായിരുന്ന പ്രിയ മകന്‍റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായ് ഒരു നോക്കു കാണാനാകുമോ എന്ന ആശങ്കയിലാണ് വിഷ്‌ണുവിന്‍റെ കുടുംബം. പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കുവാൻ കഴിയാത്തതെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.
വിഷ്ണു കൊല്ലപ്പെട്ടത് ജൂൺ 15ന്
ഈ മാസം 15 നാണ് ഷാർജ അബുഷാഗരയില്‍ ബാര്‍ബറായി ജോലി നോക്കിയിരുന്ന നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഷാര്‍ജാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു
വിഷ്‌ണുവിന്‍റെ മൃതദേഹം ഉടന്‍ നാട്ടില്‍ എത്തിയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകൾ നടത്തിയതായ് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചതായി പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.വിദേശകാര്യ മന്ത്രാലയവും എംബസിയുമായും ബന്ധപ്പെട്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു
also read:മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി
ഈ മാസം നാട്ടില്‍ എത്താനിരിക്കെയായിരുന്നു വിഷ്ണുവിന്‍റെ മരണം. മകന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതിനിടെ മരണവാര്‍ത്ത എത്തിയതിന്‍റെ ആഘാതത്തിൽ നിന്നും ഇനിയും ഈ കുടുംബം മുക്തരായിട്ടില്ല.