ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാർ എസ്റ്റേറ്റ് ചൂണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശി ബാലാജിയാണ് മരിച്ചത്. ഇന്നലെ(22.08.2022) രാത്രിയാണ് സംഭവം. കട്ടപ്പനയിലും പരിസര പ്രദേശത്തുമുള്ള തോട്ടങ്ങളിലേക്ക് വളം കൊണ്ടുവന്ന ലോറിയിലെ സഹായിയാണ് ബാലാജി.
ഇടുക്കി കവലയിലെ ഹോട്ടലിൽ നിന്നും പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടയിലാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബാലാജിയെ ഓട്ടോറിക്ഷയിൽ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചവച്ചരയ്‌ക്കാതെ ധൃതിയിൽ കഴിച്ചത് കൊണ്ടാകാം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.