മലപ്പുറം : വേദന തിന്ന് കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി നാല് സഹോദരങ്ങള്‍. മലപ്പുറം വളവന്നൂരിലെ മയ്യേരി കുടുംബത്തിലെ നദീറും സഹോദരിമാരുമാണ് താലോലിച്ച് നീട്ടി വളര്‍ത്തിയ തലമുടി ക്യാന്‍സര്‍ പോരാളികൾക്കായി മുറിച്ചുനല്‍കിയത്. വലിയൊരു കാരുണ്യ പ്രവൃത്തിയിലൂടെ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് നാലുപേരും.
തൃശൂര്‍ ബ്ലഡ്,ഹെയര്‍ ഡൊണേഷന്‍ യൂണിറ്റിനാണ് ഇവര്‍ മുടി നല്‍കിയത്. നദീറിനൊപ്പം മയ്യേരി തറവാട്ടിലെ ഇളംതലമുറക്കാരായ ലിഫ്‌ന, ലിംന, റഷ എന്നീ മൂന്ന് മിടുക്കികുട്ടികളും തങ്ങളുടെ ഭംഗിയേറിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കിയപ്പോള്‍ ഈ കാരുണ്യ പ്രവര്‍ത്തനം മയ്യേരി തറവാടിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മഹത്തായ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായി മാറുകയും ചെയ്തു.
ALSO READ:അറ്റകുറ്റപ്പണി, കേരളത്തില്‍ നിന്ന് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
മൂന്ന് സഹോദരിമാരെ പോലെ തന്നെ നദീറും തന്‍റെ നീട്ടി വളര്‍ത്തിയ മുടി മുറിച്ചുനൽകാൻ തയ്യാറായത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നദീര്‍ തലമുടി വെട്ടിയൊതുക്കാതെ നീട്ടി വളര്‍ത്തുന്നത് പലരിലും മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. പക്ഷെ അത് വലിയൊരു കാരുണ്യ പ്രവൃത്തിക്കായിരുന്നു എന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ഇഷ്ടം കൂടിയെന്ന് നദീര്‍ പറയുന്നു.
ബിസിനസ് രംഗത്തുള്ള നദീര്‍ പ്രമുഖ സൈക്ലിങ്ങുകാരനുമാണ്. ലിഫ്‌ന രാമനാട്ടുകര സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡീസിലെ മൂന്നാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയാണ്, ലിംന വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പത്താം ക്ലാസുകാരിയും, റഷ വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.