ഇടുക്കി: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെ (India Book of Records) അംഗീകാരം തേടിയെത്തുമ്പോള്‍ വിധിയെ നിറങ്ങള്‍കൊണ്ട് തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥ കൂടി പറയാനുണ്ട് ടുട്ടുമോൻ എന്ന നിശാന്തിന്. സ്‌ക്രൂ ക്യാന്‍വാസില്‍ (Screw canvas) ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രത്തിനുള്ള ബഹുമതിയാണ് ഇടുക്കി തൂക്കുപാലം സ്വദേശിയ ഈ യുവാവിനെ തേടിയെത്തിയത്. 32,423 സ്‌ക്രൂ ഉപയോഗിച്ചാണ് നിശാന്ത്, സുരേഷ് ഗോപിയുടെ (Suresh Gopi) ബൃഹത് ചിത്രം ഒരുക്കിയത്.
ഒറ്റനോട്ടത്തില്‍ കറുപ്പും വെള്ളയും നിറങ്ങള്‍ ഉപയോഗിച്ച് ഒരുക്കിയ സുരേഷ് ഗോപി ചിത്രം എന്നാണ് തോന്നുക. എന്നാല്‍ ആയിരകണക്കിന് സ്‌ക്രൂകള്‍ കൃത്യമായി ചേര്‍ത്ത് വച്ച് ഒരുക്കിയിരിക്കുന്ന സൃഷ്ടിയാണിത്. 20 ദിവസങ്ങള്‍ കൊണ്ടാണ് ടുട്ടുമോന്‍ ചിത്രം പൂർത്തിയാക്കിയത്. നാലടി ഉയരവും നാല് അടി വീതിയുമുള്ള ചിത്രത്തിന് 100 കിലോയോളം ഭാരം ഉണ്ട്. സ്‌ക്രൂ ക്യാന്‍വാസില്‍ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ചത്. തന്‍റെ ചിത്രം കണ്ട സുരേഷ് ഗോപി ഫോണിലൂടെ നിശാന്തിനെ അഭിന്ദനം അറിയിക്കുകയും ചെയ്തിരുന്നു.
ALSO READ: Vellayani Lake| പുതുമുഖമായി വെള്ളായണിക്കായല്‍; സര്‍ക്കാരില്‍ നിന്ന് വൻ സഹായം
പെയിന്‍റിങ് തൊഴിലാളിയായിരുന്ന നിശാന്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയ്ക്കിടെ അപകടം സംഭവിച്ചിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്നു താഴേയ്ക്ക് വീണതിനെ തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റു. രണ്ട് വര്‍ഷത്തോളം അരയ്ക്ക് താഴേയ്ക്ക് പൂര്‍ണമായും തളര്‍ന്ന് കിടപ്പിലായിരുന്നു.
അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം ഈ യുവാവാണ്. ജീവസുറ്റ ചിത്രങ്ങള്‍ വരച്ച് അതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് കുടുംബ ചെലവ് കണ്ടെത്തുന്നത്. സച്ചിന്‍റെയും മോഹൻലാലിന്‍റെയും കലാഭവന്‍ മണിയുടേയുമൊക്കെ അതിമനോഹര ചിത്രങ്ങള്‍ നിശാന്തിന്‍റെ നിറകൂട്ടില്‍ ഒരുങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്‍മാരുടേയും ചിത്രങ്ങള്‍ വരിച്ചിട്ടുണ്ട്. തനിക്ക് മുന്നിലെ പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപിക്കാൻ ശ്രമിക്കുകയാണ് ഈ കലാകാരൻ.