ഇടുക്കി: പൂപ്പാറയില്‍ തമിഴ് നാടോടി വീരപുരുഷനായ മധുരൈ വീരന്‍റെ വീരക്കല്ലും മൂവായിരം വർഷം പഴക്കമുള്ള കുത്തുകല്ലും മെൻഹിറുകളും കണ്ടെത്തി. പൂപ്പാറക്ക് സമീപത്തുള്ള മുള്ളന്‍തണ്ട് ഗ്രാമത്തിലെ മുതുവാൻമാരുടെ ആരാധന കേന്ദ്രത്തിൽ നിന്നുമാണ് മധുരൈ വീരന്‍റെ വീരക്കല്ല് കണ്ടെത്തിയത്. ഇതേ പ്രദേശത്ത് നിന്ന് തന്നെയാണ് നൂറു കണക്കിന് കുത്തുകല്ലുകളും ഭീമൻ മെൻഹിറുകളും കണ്ടെടുത്തിട്ടുള്ളത്.
തമിഴ് നാടോടി കഥകളിലെ വീര പുരുഷനായ മധുരൈ വീരന്‍റെ കഥക്ക് സംഘ കാലഘട്ടം വരെയുള്ള ചരിത്രമാണുള്ളത്. വെള്ളിയാമ്മാൾ എന്ന കൊട്ടാരം നർത്തകിയുമായി ബന്ധപ്പെട്ട പ്രണയ വീര കഥയാണ് മധുരൈ വീരന്‍റെ കഥകളില്‍ പ്രധാനം.
ചതുരംഗപ്പാറയില്‍ നിന്നും നേരത്തെ വീരക്കല്ലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പര്യവേഷണത്തിലാണ് അതീവ ചരിത്ര പ്രാധാന്യമുള്ള വിവരങ്ങൾ ലഭിച്ചത്. 18 അടിയോളം ഉയരം വരുന്ന മഹാശിലാ സ്മാരകങ്ങൾ അപൂർവ്വമായി മാത്രമാണ് കാണാറുള്ളത്. മഹാശിലായുഗ കാലത്തോളമുള്ള ഈ പ്രദേശത്തിന്‍റെ ചരിത്രത്തിന് മറ്റൊരു സുപ്രധാന തെളിവാണ് മെന്‍ഹിറുകള്‍ എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നെടുങ്കണ്ടം പുരാവസ്‌തു ചരിത്ര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ഇവിടെ ഗവേഷണം നടക്കുന്നത്.