ഇടുക്കി : തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് നാൽപ്പതടി താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവർ തമിഴ്‌നാട് നാമക്കൽ സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. സഹായി അജയനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഗുജറാത്തിലേക്ക് ലാറ്റക്‌സുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ വാഹനം റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.
ക്യാബിനുള്ളിൽ കുടുങ്ങിയ ഇരുവരെയും ഒന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെത്തിക്കാനായത്. അഗ്നി രക്ഷാ സേനയും പോലീസും വാഹനത്തിൻ്റെ ക്യാബിൻ വെട്ടിപ്പൊളിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാനായില്ല. തുടർന്ന് ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇതിനിടെ ലാറ്റക്‌സ് ബാരൽ പൊട്ടി പ്രദേശത്ത് അമോണിയയുടെ ഗന്ധം നിറഞ്ഞത് ആശങ്കക്കിടയാക്കി.