ഇടുക്കി: മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിർമിച്ച കിടങ്ങിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കിടങ്ങില്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കിടങ്ങ് മണ്ണിട്ട് നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വനംവകുപ്പ് മാങ്കുളം അമ്പതാംമൈലില്‍ സിങ്ക്‌കുടിക്ക് മുകള്‍ ഭാഗത്തുള്ള വനാതിര്‍ത്തിയില്‍ കിടങ്ങ് നിർമിച്ചത്. വനംവകുപ്പിന്‍റെ കെട്ടിടത്തിനും ക്യാമ്പ് ഷെഡിനും നേരെയുള്ള കാട്ടനകളുടെ ആക്രമണം തടയാനാണ് കിടങ്ങ് നിർമിച്ചത്. എന്നാല്‍, മഴക്കാലത്ത് കിടങ്ങിൽ വെള്ളം കെട്ടിക്കിടന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. പത്തടിയോളം താഴ്‌ചയില്‍ അഞ്ചടി വീതിയില്‍ അരകിലോമീറ്ററോളം ഭാഗത്താണ് കിടങ്ങ് നിർമിച്ചിട്ടുള്ളത്. മഴക്കാലം ആരംഭിച്ചതിന് പിന്നാലെ കിടങ്ങില്‍ വെള്ളം നിറഞ്ഞത് സമീപത്തെ വീട്ടുകാരിൽ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കിടങ്ങ് മണ്ണിട്ട് നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് കുടുംബങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.