ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ അടിമാലി മേഖലയിലും മുന്നണികള്‍ വിജയ പ്രതീക്ഷയിലാണ്. അടിമാലി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഭരണം നേടാനാകുമെന്നാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രതീക്ഷ. ഇടമലക്കുടിയില്‍ ഭരണം പിടിക്കാമെന്നും അടിമാലി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാമെന്നുമാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.
23 വാര്‍ഡുകളുള്ള അടിമാലി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ 73.6 ശതമാനമാണ് പോളിങ് നടന്നത്. കൊന്നത്തടി പഞ്ചായത്തില്‍ 71.6 ശതമാനവും വെള്ളത്തൂവല്‍ 74.37, ബൈസണ്‍വാലിയിൽ 77.83 ശതമാനവും വോട്ട് രേഖപ്പെടുത്തി. നിലവില്‍ ഭരണമുള്ള പഞ്ചായത്തുകളില്‍ ഭരണം തുടരാമെന്നും മറ്റിടങ്ങളില്‍ ഭരണം തിരിച്ച് പിടിക്കാമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.
അടിമാലിയും പള്ളിവാസലും ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്താമെന്നും മറ്റിടങ്ങളില്‍ ഭരണം തിരിച്ചു പിടിക്കാമെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. ദേവികുളം മണ്ഡലത്തില്‍ ഇടമലക്കുടിയിലും വട്ടവടയിലും ഭരണം പിടിക്കാമെന്നും മറ്റ് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാമെന്നുമാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
ഓരോ പഞ്ചായത്തുകളിലും തങ്ങളുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു. മികച്ച പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഓരോ മുന്നണിയുടെയും കണക്കുകൂട്ടല്‍. തോട്ടം മേഖലയായ പള്ളിവാസലില്‍ 74.03ഉം മൂന്നാറില്‍ 64.09ഉം ഇടമലക്കുടിയില്‍ 66.93ഉം ആയിരുന്നു ഇത്തവണത്തെ വോട്ടിങ് ശതമാനം. പതിനറിനാണ് തെരഞ്ഞടുപ്പ് ഫലം പുറത്ത് വരുന്നത്.