ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഇടുക്കിയില്‍ എല്‍.ഡി.എഫ് വെള്ളിയാഴ്ചയും യു.ഡി.എഫ് ജൂണ്‍ 16 നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതവുമാണ് ജില്ലയിലുള്ളത്. കോടതി വിധി നടപ്പിലായാല്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ജനവാസം സാധ്യമല്ലാതാകും. അതേ സമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു.
സംഭവത്തില്‍ അതിജീവനപോരാട്ടവേദിയും ഹൈറേഞ്ച് സംരക്ഷണസമിതിയും കര്‍ഷക സംഘടനകളും സമരം നടത്തുമെന്ന് മുമ്പ് അറിയിച്ചിരുന്നു.