ഇടുക്കി: വന്‍കിട കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന വന ഭൂമികള്‍ തിരിച്ചെടുത്ത് വനമേഖലയുടെ വ്യാപ്‌തി വര്‍ധിപ്പിക്കണമെന്നാവശ്യം. വന്യജീവി സങ്കേതങ്ങളുടെ സമീപ പ്രദേശങ്ങള്‍ ബഫര്‍ സോണുകളാക്കി മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് പാട്ടത്തിന് നല്‍കിയിരിക്കുന്ന വനഭൂമികള്‍ തിരിച്ചെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. വനമേഖലയുടെ വ്യാപ്‌തി കുറഞ്ഞ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് നിത്യ സംഭവമാണ്. കൂടാതെ, ഇടുക്കി ജില്ലയിലെ വനംവകുപ്പിന്‍റെ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് വന്‍കിട കമ്പനികള്‍ക്ക് വിവിധ കൃഷികള്‍ക്കായി പാട്ടത്തിന് നല്‍കിയിരിക്കുന്നത്.
ചിന്നക്കനാൽ അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍കിട കമ്പനികള്‍ വനഭൂമി പാട്ടത്തിനെടുത്ത് ഗ്രാൻറ്റിസ് കൃഷി നടത്തുന്നത് കാട്ടാനക്കും മറ്റ് വന്യ മൃഗങ്ങള്‍ക്കും ഭക്ഷ്യ ലഭ്യതാക്കുറവും കുടിവെള്ള ക്ഷാമവും നേരിടുന്നതിനും കാരണമാകുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണ്ട പഠനം നടത്തണമെന്നും ആവശ്യം ഉയരുന്നു. കൃഷിഭൂമി ഏറ്റെടുത്ത് വനമാക്കി സംരക്ഷിച്ചാല്‍ വനമേഖലുടെ വ്യാപ്‌തി വർധിപ്പിക്കുകയും അതുവഴി വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.