ഇടുക്കി: മഴ കുറഞ്ഞെങ്കിലും ഇടുക്കിയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍- ഉരുള്‍പൊട്ടല്‍ സാധ്യത തുടരുകയാണ്. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നത് ദേവികുളം- ചിന്നക്കനാല്‍ മേഖലയിലാണ്. ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഇരുവശങ്ങളിലുമായി നിരവധി മണ്ണിടിച്ചിലുകളാണ് ഉണ്ടായത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വന്‍തോതില്‍ പാറപൊട്ടിച്ച് നീക്കിയ ഗ്യാപ് റോഡിൽ അരക്കിലോമീറ്ററോളം റോഡാണ് തകര്‍ന്നിരിക്കുന്നത്. മണ്‍തിട്ടകള്‍ക്ക് മുകളില്‍ നിന്നും ഉറവ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണം പ്രവർത്തനങ്ങളുടെ ഭാഗമായി വന്‍ മലയിടിച്ചു അശാസ്ത്രീയമായി പാറ ഖനനം നടത്തിയതാണ് മണ്ണിടിച്ചലിന് കാരണമായത്. ഗ്യാപ് പ്രദേശം പൂര്‍ണമായും കൂറ്റന്‍ പാറകളും മണ്ണും നിറഞ്ഞ് മൂടിയിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരും.
പ്രധാന പുഴകളിലെ നീരൊഴുക്കിന് ശക്തി കുറഞ്ഞിട്ടുണ്ട്. വലിയ രീതിയില്‍ മഴ പെയ്തിട്ടും ആനയിറങ്കല്‍ ജലാശയത്തിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ കുറവാണ്. പന്നിയാര്‍ പുഴയില്‍ ഉള്‍പ്പെടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്താന്‍ സാധ്യതയുണ്ട്.