ഇടുക്കി : കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. മഴക്കാലമെത്തിയാൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമേട്ട് വരെയുള്ള ഭാഗത്ത് മണ്ണിടിച്ചിലും മരം കടപുഴകി വീഴുന്നതും പതിവാണ്. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി.
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം തുടർച്ചയായി രണ്ടുവട്ടവും പൊലീസ് സ്റ്റേഷന് സമീപവുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പൂപ്പാറ ഇറച്ചിൽ പാറയ്ക്ക് സമീപം മരം കടപുഴകി വീഴുകയും ചെയ്‌തു. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്ക് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. മൂന്നാർ ദേവികുളം മേഖലയിൽ ശക്‌തമായ മഴയെ തുടർന്ന് ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. മുതിരംപുഴയാറിലെ ജലനിരപ്പിലും വർധനവ് ഉണ്ടായിട്ടുണ്ട്.