ഇടുക്കി: പെട്ടിമുടി ദുരന്ത വാര്‍ഷികത്തില്‍ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ. മൂന്നാർ കുണ്ടള എസ്റ്റേറ്റിന് സമീപമാണ് ഉരുൾപ്പൊട്ടിയത്. ഉരുള്‍പൊട്ടി മൂന്നാര്‍-വട്ടവട പാതയില്‍ തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്‌തതാണ് വന്‍ ദുരന്തമൊഴിവാക്കിയത്.
ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയിലായി. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. എസ്‌റ്റേറ്റിലെ ലയത്തിൽ നിന്നും 450 പേരെ മാറ്റിപ്പാർപ്പിച്ചു.
താഴെ കുണ്ടള എസ്‌റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ലയങ്ങളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റുകയായിരുന്നു.
വട്ടവട – മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും തകർന്നു. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്‍റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും എം.എല്‍.എ അറിയിച്ചു.
2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടു. 12 പേര്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.