ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ദേവികുളം റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിഞ്ഞത്. തുടർച്ചയായ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നത്.
പാതയോരത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാർ ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം ഒന്നിലധികം തവണ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പാതയുടെ വീതി വർധിപ്പിച്ച ശേഷം മൂന്നാർ ദേവികുളം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് കഴിഞ്ഞ ദിവസം മുതൽ ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.