ഇടുക്കി: ഒറ്റയ്‌ക്ക് കഴിയുന്ന വയോധികയ്ക്ക് ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീട് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. നിര്‍മ്മാണത്തിലെ അപാകത മൂലം വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബേഡ്മെട്ടിലാണ് 77കാരിയായ തെക്കേക്കരപുത്തന്‍വീട്ടില്‍ രാജമ്മ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഏക ആശ്രയമായിരുന്ന മകനും ഏതാനും വര്‍ഷം മുമ്പ് മരണപെട്ടു. വാര്‍ധക്യ പെന്‍ഷനും നാട്ടുകാരുടെ സഹായവും ഉള്ളതുകൊണ്ടാണ് ഇവര്‍ ചെലവുകള്‍ നടത്തുന്നത്.
2018 അവസാനം ലൈഫ് ഭവന പദ്ധതിയില്‍ ഇവര്‍ക്ക് വീട് അനുവദിച്ചിരുന്നു. സ്വന്തമായി വീട് നിര്‍മാണ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ കരാറുകാരനെയാണ് ജോലികള്‍ ഏല്‍പ്പിച്ചത്. ചെമ്മണ്ണാറുകാരായ കരാറുകാര്‍ പല തവണയായി അനുവദിച്ച 3,60,000 രൂപ കൈപറ്റി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തയാറാവുന്നില്ലെന്നാണ് പരാതി. പണിപൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് രാജമ്മ കഴിഞ്ഞ് കൂടുന്നത്. കോണ്‍ക്രീറ്റ് ചെയ്ത വീട് മഴയത്ത് പൂര്‍ണ്ണമായും ചോര്‍ന്നൊലിക്കും. വീട്ടില്‍ പാത്രങ്ങള്‍ നിരത്തിയും പടുതാ വലിച്ച് കെട്ടിയുമാണ് മഴയില്‍ നിന്ന് ഇവര്‍ രക്ഷനേടുന്നത്.
കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍ തറയും ഭിത്തികളും പൂര്‍ണ്ണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. അടുക്കള പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇഷ്ടികകള്‍ അടുക്കി വെച്ചാണ് അടുപ്പ് കത്തിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപെട്ട് ഇവര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്. വാര്‍ധക്യത്തില്‍ ഒറ്റപെട്ട് പോയ ഇവര്‍ക്ക് സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്‌നമാണ് കരാറുകാരന്‍റെ അനാസ്ഥയില്‍ അന്യമായിരിക്കുന്നത്.