ഇടുക്കി: കര്‍ഷകരും പിന്നാക്ക വിഭാഗക്കാരും കൂടുതലായി അതിവസിക്കുന്ന ജില്ലയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ലാത്തത് തിരിച്ചടിയാകുന്നു. ആരോഗ്യ രംഗത്ത് ഏറെ ശ്രദ്ധ പതിക്കേണ്ട ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്‌തമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട രീതിയില്‍ സ്റ്റാഫ് പാറ്റേണ്‍ പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
നിലവില്‍ അടിയന്തര ഘട്ടത്തില്‍ ചികിത്സ ലഭിക്കേണ്ട ഹൃദ്രോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ലെന്നതാണ് സാധാരണ രോഗികളെ വലയ്ക്കുന്നത്. ഹൃദയാഘാതവും, ഹൃദ്രോഗവും അനുദിനം എന്ന പോലെ വര്‍ധിച്ച് വരുന്ന സാഹചര്യത്തിൽ ഹൃദയാഘാതം സംഭവിച്ച രോഗിയെ പോലും താലൂക്കാശുപത്രികളില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കിലോമീറ്ററുകള്‍ താണ്ടി വേണം കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കാൻ. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ഇത്രയും ദൂരം യാത്ര ചെയ്യേണ്ടി വരുന്നതോടെ പലപ്പോഴും അനാഥമാകുന്നത് രോഗിയുടെ കുടുംബമാണ്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കാന്‍ ആണെങ്കിൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് അതിനും കഴിയാത്ത അവസ്ഥയാണുള്ളത്. ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായെങ്കിലും ഇവിടെയും കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്‌ടറില്ല. ജില്ലയിലെ ആരോഗ്യ രംഗത്ത് ഇനിയും സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂ.