ഇടുക്കി: ഉപ്പുകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കത്തി നശിച്ചു. അബാന്‍ ഗ്രൂപ്പിന്റെ ടൈഫോര്‍ഡ് തോട്ടത്തില്‍ ഉപ്പുകുളം ഡിവിഷനിലെ അഞ്ച് ലയമുറികളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കനകരാജ്, സെല്‍വം, ദുരൈ, ജയന്‍, ബാലകൃഷ്ണന്‍ എന്നിവരുടെ ലയങ്ങളാണ് തീ പിടിത്തത്തില്‍ നശിച്ചത്. ദുരൈയുടെ മകളുടെ കല്യാണത്തിന് കരുതിവെച്ചിരുന്ന പത്ത് പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും തുണിത്തരങ്ങളും അഗ്നിക്കിരയായി. ജനുവരി 26 നാണ് കല്യാണം നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
അഞ്ച് വീടുകളിലും ആളുകള്‍ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ട് ആളുകള്‍ ഓടി മാറിയതിനാല്‍ വൻ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങളും ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളും അഗ്നിക്കിരയായി. വർഷങ്ങൾ പഴക്കമുള്ള വയറിങ് പുതുക്കണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.