ഇടുക്കി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ നടക്കാൻ സാധ്യതയില്ല. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടീക്കാറാം മീണ വ്യക്കമാക്കി.
കുട്ടനാട് എംഎൽഎയായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഏത് സമയത്താണെങ്കിലും കമ്മീഷൻ സജ്ജമെന്നും ടീക്കാറാം മീണ പറഞ്ഞു. ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. ഇത് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദേഹം തേക്കടിയിൽ പറഞ്ഞു. മലയോര ജില്ലയായ ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. തമിഴ്‌നാട് അതിർത്തി ജില്ലയായ തേനിയിൽ നിന്നുള്ള ഇരട്ട വോട്ടർമാരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ 3846 ഇരട്ട വോട്ടർമാരുണ്ടെന്നും ഇവരെ ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.