ഇടുക്കി: അടിമാലിക്ക് മുകളില്‍ കാഴ്ച്ചയുടെ വാതായനം തുറന്ന് കുരങ്ങാട്ടി വെള്ളച്ചാട്ടം. അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ഈ വെള്ളച്ചാട്ടവും വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നുള്ള വിദൂര ദൃശ്യങ്ങളും സഞ്ചാരികളുടെ മനം കവരുന്നവയാണ്. അടിമാലി പട്ടണത്തിന്‍റെ വിദൂരകാഴ്ച്ച, പരന്ന് കിടക്കുന്ന മലനിരകളുടെ ദൃശ്യ ഭംഗി ഇതൊക്കെയാണ് അടിമാലി പട്ടണത്തില്‍ നിന്നും ദൃശ്യമാകുന്ന കുരങ്ങാട്ടി വെള്ളച്ചാട്ടത്തിന്‍റെ ആകെ രൂപം.
ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടായാല്‍ കുരങ്ങാട്ടി വെള്ളച്ചാട്ടത്തെയും വ്യൂപോയിന്‍റിനെയും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാക്കി മാറ്റാന്‍ സാധിക്കുമെന്ന് സഞ്ചാരിയായ എൽദോസ് പറയുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നായി കുരങ്ങാട്ടി വെള്ളച്ചാട്ടത്തെ മാറ്റാനാകും. സുരക്ഷാവേലിയും ഇരിപ്പിടങ്ങളും വെള്ളച്ചാട്ടത്തിലേക്കിറങ്ങുവാനുള്ള കല്‍പ്പടവുകളും നിർമിച്ചാൽ സഞ്ചാരികള്‍ക്ക് അവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളായി.
അടിമാലി ടൗണില്‍ നിന്നാല്‍ കുരങ്ങാട്ടി വെള്ളച്ചാട്ടം ദൃശ്യമാകുമെങ്കിലും രണ്ട് കിലോമീറ്ററിനടുത്ത് കുത്തനെയുള്ള റോഡിലൂടെ സഞ്ചാരിച്ചാല്‍ മാത്രമെ വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്നുള്ള ദൃശ്യം ആസ്വദിക്കാനാകൂ. ടൗണില്‍ നിന്നും ഇവിടേക്ക് ജീപ്പിലുള്ള യാത്രക്ക് സൗകര്യമൊരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ സാധിക്കും. അപകട രഹിതമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.