ഇടുക്കി: അടിമാലി - കുമളി ദേശിയപാതയില്‍ പനംകുട്ടി ടൗണിന് സമീപം പ്രളയത്തില്‍ അടഞ്ഞ കലുങ്കുകള്‍ തുറക്കാൻ നടപടിയായില്ല. ദേശിയപാതയിലൂടെ വെള്ളം ഒഴുകുന്നതിനാൽ പാതയുടെ വശങ്ങൾ ഇടിയുന്നുമുണ്ട്. പനംകുട്ടി ടൗണിന് സമീപമുള്ള കലുങ്കുകളിൽ കഴിഞ്ഞ വര്‍ഷകാലത്തായിരുന്നു കല്ലും മണ്ണും വന്നടിഞ്ഞത്.
കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും അടഞ്ഞ് പോയ കലുങ്കുകള്‍ തുറക്കുന്നതിനോ, ഓടകളിലൂടെ വെള്ളം വഴിതിരിച്ച് വിടുന്നതിനോ നടപടിയായില്ല. നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. മുമ്പ് ദേശീയപാതയിലൂടെ വെള്ളം നിരന്നൊഴുകുകയും പനംകുട്ടി ടൗണിന് സമീപം പാതയോരം ഇടിയുകയും ചെയ്തിരുന്നു. ഇതിന്റെ പുനർനിർമ്മാണവും ഇഴഞ്ഞ് നീങ്ങുകയാണെന്ന ആരോപണവുമുണ്ട്.