ഇടുക്കി: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളെ നീലപ്പട്ട് അണിയിച്ച് കാറ്റിലാടി നില്‍ക്കുന്ന നീലക്കുറിഞ്ഞി കാണാൻ ആഗ്രഹമുണ്ടോ... പോകാം ശാന്തൻ പാറയിലെ കുറിഞ്ഞി മലയിലേക്ക്. അതിനായി കെഎസ്‌ആർടിസി റെഡിയാണ്.
രാവിലെ ഒൻപത് മണിക്ക് മൂന്നാര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ എത്തിയാല്‍ ശാന്തന്‍പാറയിലേക്കുള്ള ബസ് റെഡിയാണ്. ഉച്ചക്ക് ഒരു മണിയോടെ കുറിഞ്ഞി മലയിലെത്തും. കള്ളിപ്പാറ മലയിലെത്തിയാല്‍ രണ്ടു മണിക്കൂര്‍ സഞ്ചാരികള്‍ക്ക് കുറിഞ്ഞി പൂക്കൾ ആസ്വദിക്കാം.
വൈകിട്ട് മൂന്നിന് മടക്കയാത്ര. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ്. മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ശാന്തന്‍പാറ, കള്ളിപ്പാറ മേഖലയിലേക്ക് നിരവധി കെഎസ്‌ആര്‍ടിസി ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത്.
പ്രളയവും കൊവിഡും ഉലച്ചു കളഞ്ഞ വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇക്കൊല്ലത്തെ നീലക്കുറിഞ്ഞി വസന്തം. ഒപ്പം പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്‌ആര്‍ടിസിയും.