ഇടുക്കി: കള്ളിപ്പാറ മലനിരകളിലെ നീലക്കുറിഞ്ഞി വസന്തം കെഎസ്ആർടിസിക്ക് സമ്മാനിച്ചത് റെക്കോഡ് കലക്ഷൻ. നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറയിലേക്ക് നടത്തിയ പ്രത്യേക സര്‍വിസിലാണ് കെഎസ്ആര്‍ടിസി ലക്ഷങ്ങളുടെ കലക്ഷന്‍ നേടിയത്. കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും കെഎസ്ആര്‍ടിസിയുടെ ഈ നേട്ടത്തിനുണ്ട്.
കുറിഞ്ഞി പൂത്ത വാര്‍ത്തകള്‍ വന്നതോടെ വിദേശികളടക്കമുള്ള സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. വാഹനങ്ങള്‍ വന്‍തോതില്‍ എത്തിയതോടെ ഗതാഗതക്കുരുക്കിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കെഎസ്‍ആര്‍ടിസി കള്ളിപ്പാറയിലേക്ക് സര്‍വിസ് ആരംഭിച്ചത്. ശാന്തൻപാറയില്‍ നിന്നും ഉടുമ്പൻചോലയിൽ നിന്നുമായിരുന്നു കള്ളിപ്പാറയിലേക്ക് സര്‍വിസ് .
ആദ്യ ദിവസം 12 ബസാണ് സര്‍വിസ് നടത്തിയത്. എന്നാല്‍ സഞ്ചാരികളുടെ തിരക്കേറിയതോടെ ബസുകളുടെ എണ്ണം കൂട്ടി. പിറ്റേ ദിവസം 32 ബസുകള്‍ സര്‍വിസ് നടത്തി. അതിന്‍റെ അടുത്ത ദിവസം 30 ബസുകളും ഓടി. ഈ മൂന്ന് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 21,75,000 രൂപയാണ്.
കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും കുറിഞ്ഞി മലയിലേക്കുള്ള സര്‍വിസിനുണ്ടെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം കൗണ്‍സില്‍ കോഡിനേറ്റര്‍ എന്‍.ആര്‍ രാജീവ് പറഞ്ഞു. മൂന്നാര്‍ മേഖലയില്‍ നിന്നും സഞ്ചാരികളുമായി എത്തുന്ന വാഹനം പൂപ്പാറയിലും കുമളി മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലും പാര്‍ക്ക് ചെയ്‌തതിന് ശേഷം സന്ദർശകർ കെഎസ്ആര്‍ടിസി ബസില്‍ കുറിഞ്ഞി മലയിലേക്ക് എത്തിയതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും ആശ്വാസം പകരാന്‍ കഴിഞ്ഞിരുന്നു.
എന്തായാലും കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച ബോണസായിരുന്നു കള്ളിപ്പാറയിലെ കുറിഞ്ഞിപ്പൂക്കാലം. അതേസമയം ഹൈറേഞ്ചിന്‍റെ ഉള്‍ഗ്രാമ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത്തരത്തില്‍ കെഎസ്ആര്‍ടിസി സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.